തിരുവനന്തപുരം: ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇത്തരം പ്രവൃത്തികൾ വിദ്യാഭ്യാസ സന്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെതന്നെ ഇല്ലാതാക്കുന്നതാണ്.
കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാന സംഭവം അരങ്ങേറിയിട്ടുണ്ട്. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഈ സ്കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. വിദ്യാർഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനം ആവർത്തിക്കാതിരിക്കാൻ കർശന നടപടി എടുക്കും. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സിലബസിലുള്ള സ്കൂളുകളാണെങ്കിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.